അജ്മൽ പി എ ||SEPTEMBER 05,2021
ലാറ്റിനമേരിക്കന്‍ ലോകകപ്പ് ഫുട്ബോള്‍ യോഗ്യത മത്സരത്തില്‍ ഇന്ന് വമ്ബന്മാരുടെ പോരാട്ടം. അര്‍ജന്റീന ചാമ്ബ്യന്മാരായ ബ്രസീലിനെ വൈകിട്ട് നേരിടും. ബ്രസീലിലെ കൊറിന്ത്യന്‍സ് അറീനയിലാണ് മത്സരം. കോപ്പ അമേരിക്ക ഫൈനലില്‍ ഏഞ്ചല്‍ ഡി മരിയയുടെ ഗോള്‍ അര്‍ജന്റീനയുടെ ആവേശവും, ബ്രസീലിന് കണ്ണീരുമായിരുന്നു സമ്മാനിച്ചത്. കോപ്പ അമേരിക്ക ഫൈനലില്‍ ഡി മരിയയുടെ ഒറ്റ ഗോളിനാണ് ലിയോണല്‍ മെസിയുടെ അര്‍ജന്റീന ജൂലൈയില്‍ രാജാക്കന്മാരായത്. ഇതിന് ശേഷം മെസിയുടെ അര്‍ജന്റീനയും, നെയ്മറുടെ ബ്രസീലും നേര്‍ക്കുനേര്‍ വരുന്ന ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്.
പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന റോബര്‍ട്ടോ ഫിര്‍മിനോ, അലിസണ് ബെക്കര്‍, തിയാഗോ സില്‍വ, ഫ്രെഡ്, ഫാബീഞ്ഞോ, ഗബ്രിയേല്‍ ജെസ്യൂസ്, റിച്ചാര്ലിസണ്, എഡേഴ്സണ്, തുടങ്ങിയ പ്രമുഖ താരങ്ങളുടെ അഭാവം ബ്രസീലിന് തിരിച്ചടിയാവും.
നെയ്മറുടെ മങ്ങിയ ഫോമും ആശങ്കയാണ്. എങ്കിലും അവസാന മത്സരത്തില്‍ എവര്ട്ടെന് റിബെയ്റോയുടെ ഗോളിന് ചിലെയെ തോല്പിച്ച ആത്മവിശ്വാസത്തിലാണ് ബ്രസീല്‍ കോച്ച് ടിറ്റെ. ലിയോണല്‍ സ്കലോണിയുടെ അര്‍ജന്റീന കഴിഞ്ഞ ദിവസം ഒന്നിനെതിരെ മൂന്ന് ഗോളിന് വെനസ്വേലയെ തോല്പിച്ചിരുന്നു. നായകന് ലിയോണല്‍ മെസിക്ക് കാലിന് പരിക്കേറ്റെങ്കിലും ബ്രസീലിനെതിരായ നിര്‍ണായക മത്സരത്തില്‍ പുറത്തിരുത്താന്‍ സാധ്യതയില്ല. സസ്പെന്ഷന് കഴിഞ്ഞ ക്രിസ്റ്റ്യന്‍ റൊമേറോയും ലിയാന്‍ഡ്രോ പരേഡസും തിരിച്ചെത്തുന്നതും അര്‍ജന്റീനയ്ക്ക് കരുത്താവുന്നതാണ്.