ലോകകപ്പ് വേദിയില്‍ പാകിസ്താനോട് ആദ്യ തോല്‍വി വഴങ്ങി ഇന്ത്യ

അജ്‌മൽ പി എ ||OCTOBER 25,2021

പാകിസ്ഥാന്റെ ഓള്‍റൗണ്ട് മികവില്‍ ഇന്ത്യ തകര്‍ന്നു. ബാറ്റിലും പന്തിലും പാകിസ്ഥാന്‍ തകര്‍ത്താടിയപ്പോള്‍ ട്വന്റി–-20 ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് അപമാനകരമായ തോല്‍വി. 10 വിക്കറ്റിനാണ് വിരാട് കോഹ്ലിയും സംഘവും നിലംപതിച്ചത്.

ദുബായില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് നേടാനായത് 7–-151 റണ്‍. പാക് ഓപ്പണര്‍മാരായ ബാബര്‍ അസമിനും (52 പന്തില്‍ 68) മുഹമ്മദ് റിസ്വാനും (55 പന്തില്‍ 79) ആ സ്കോര്‍ വെല്ലുവിളിയായില്ല. ലോകകപ്പ് ചരിത്രത്തിലാദ്യമായി ഇന്ത്യ പാകിസ്ഥാനോട് തോല്‍ക്കുകയും ചെയ്തു.

പന്തില്‍ ഷഹീന്‍ അഫ്രീദിയും ബാറ്റില്‍ ബാബറും റിസ്വാനും പാക്നിരയില്‍ തിളങ്ങി. ഇന്ത്യന്‍നിരയില്‍ അരസെഞ്ചുറി കുറിച്ച ക്യാപ്റ്റന്‍ വിരാട് കോഹ്ലിമാത്രം (49 പന്തില്‍ 57) പൊരുതി. ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് മുന്‍തൂക്കമുള്ള ദുബായ് പിച്ചില്‍ ബാബര്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല.

പാകിസ്ഥാന് ആശിച്ച തുടക്കമായിരുന്നു. ഇന്ത്യയുടെ പ്രതീക്ഷ തുടക്കത്തില്‍ത്തന്നെ മങ്ങി. അഫ്രീദിയുടെ വേഗത്തിനുമുന്നില്‍ ആദ്യം രോഹിത് ശര്‍മ തളര്‍ന്നു. നേരിട്ട ആദ്യപന്തില്‍ത്തന്നെ വിക്കറ്റിനുമുന്നില്‍ കുരുങ്ങി. അഫ്രീദിയുടെ കൃത്യതയുള്ള യോര്‍ക്കര്‍ ഇടതു കണങ്കാലിന് തൊട്ടുമുന്നില്‍ കുത്തി. റിവ്യൂ നല്‍കാന്‍ കാത്തുനിന്നില്ല രോഹിത്.

അഫ്രീദിയുടെ രണ്ടാം ഓവറിന്റെ ആദ്യപന്തില്‍ ലോകേഷ് രാഹുലും (3) പുറത്ത്. ഇന്ത്യയുടെ സ്കോര്‍ രണ്ടിന് ആറ് റണ്‍. ക്യാപ്റ്റന്‍ കോഹ്ലി ശ്രദ്ധയോടെയാണ് തുടങ്ങിയത്. മറുവശത്ത് സൂര്യകുമാര്‍ യാദവ് ഭയക്കാതെ കളിച്ചെങ്കിലും ഏറെ മുന്നേറാനായില്ല. അഫ്രീദിയെ സിക്സര്‍ പറത്തിയ സൂര്യകുമാര്‍ ഹസന്‍ അലിക്ക് ഇരയായി. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന് ക്യാച്ച്‌ നല്‍കുമ്ബോള്‍ സൂര്യകുമാറിന്റെ സ്കോര്‍ എട്ട് പന്തില്‍ 11. ഇന്ത്യ മൂന്നിന് 31. കോഹ്ലിയും പന്തും (30 പന്തില്‍ 39) ചേര്‍ന്ന് കരകയറ്റാന്‍ ശ്രമം തുടങ്ങി. പാക് ബൗളര്‍മാരും ഫീല്‍ഡര്‍മാരും അച്ചടക്കം കാട്ടിയതോടെ റണ്‍നിരക്ക് ഇടിഞ്ഞു. കോഹ്ലിക്ക് സ്വതസിദ്ധമായ കളി പുറത്തെടുക്കാനായില്ല.

പന്ത്രണ്ടാം ഓവറില്‍ ഹസന്‍ അലിയെ രണ്ട് സിക്സര്‍ പായിച്ച്‌ പന്ത് ആക്രമണത്തിന് തുടക്കം നല്‍കി. പക്ഷേ, തൊട്ടടുത്ത ഓവറില്‍ ഷദാബ് ഷാന്‍ പന്തിനെ വീഴ്ത്തി. കൂറ്റനടിക്ക് ശ്രമിച്ച പന്ത് ഷദാബിന്റെ കൈയില്‍ത്തന്നെ ഒതുങ്ങി. 40 പന്തില്‍ 53 റണ്ണാണ് കോഹ്ലി–-പന്ത് സഖ്യം നേടിയത്.

ഇതിനിടെ, കോഹ്ലി അരസെഞ്ചുറി പൂര്‍ത്തിയാക്കി. കോഹ്ലിക്ക് കൂട്ടായി രവീന്ദ്ര ജഡേജയെത്തി. 33 പന്തില്‍ 41 റണ്ണാണ് ജഡേജയും കോഹ്ലിയും കൂട്ടിച്ചേര്‍ത്തത്. പത്തൊമ്ബതാം ഓവറില്‍ അഫ്രീദി കോഹ്ലിയെ പുറത്താക്കി. എങ്കിലും ആ ഓവറില്‍ 17 റണ്ണെടുക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു.

എട്ട് പന്തില്‍ 11 റണ്ണെടുത്ത പാണ്ഡ്യ അവസാന ഓവറിന്റെ മൂന്നാം പന്തില്‍ പുറത്തായതോടെ ആ ഓവറില്‍ ആകെ ഏഴുറണ്‍മാത്രമാണ് ഇന്ത്യക്ക് നേടാനായത്. അടുത്ത മത്സരത്തില്‍ 31ന് ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും.

ഷഹീന്‍ പേസ് അഫ്രീദി
ഷഹീന്‍ അഫ്രീദി ദുബായില്‍ തീക്കാറ്റായി. ആദ്യ ഓവറില്‍ത്തന്നെ ഇന്ത്യന്‍ ബാറ്റിങ് നിരയെ ഉലച്ചുകളഞ്ഞു ഈ പേസര്‍. ഇന്നിങ്സിലെ നാലാംപന്ത് മൂളിപ്പറന്ന് രോഹിത് ശര്‍മയുടെ കാലില്‍ പതിച്ചപ്പോള്‍ ഇന്ത്യ ഞെട്ടി. അത്രയും കൃത്യതയായിരുന്നു അഫ്രീദിയുടെ പന്തിന്. രണ്ടാമത്തെ ഓവറില്‍ രാഹുലിന്റെ കുറ്റിയും പിഴുതാണ് മടങ്ങിയത്. ട്വന്റി–-20യിലെ അപകടകാരിയായ ബൗളറാണ് അഫ്രീദി. ഓപ്പണര്‍മാരുടെ പേടിസ്വപ്നം. മൂന്നുവര്‍ഷംമുമ്ബായിരുന്നു അരങ്ങേറ്റം. 62 മത്സരങ്ങളില്‍ കളിച്ചു. ഇതില്‍ 22 തവണയും ആദ്യ ഓവറില്‍ വിക്കറ്റ് നേടി. ഒരുതവണ ആദ്യ ഓവറില്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.

യോര്‍ക്കറുകളാണ് ഇരുപത്തൊന്നുകാരന്റെ മുഖ്യ ആയുധം. ഇടംകൈയില്‍നിന്നുള്ള ഏറുകള്‍ ബാറ്റര്‍മാരുടെ ഏകാഗ്രത തകര്‍ക്കും.
ലോകകപ്പില്‍ രോഹിതിനും രാഹുലിനും അഫ്രീദിയുടെ വേഗവും കൃത്യതയും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇന്ത്യക്കെതിരെ അവസാന ഓവറില്‍ നോബോളും ഓവര്‍ ത്രോയും ഉള്‍പ്പെടെ റണ്‍ ഏറെ വഴങ്ങിയെങ്കിലും കോഹ്-ലിയെയും മടക്കാന്‍ കഴിഞ്ഞു അഫ്രീദിക്ക്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കാത്തിരിപ്പിന് വിരാമം; തൃശൂര്‍ പൂരം വെടിക്കെട്ട് പൂര്‍ത്തിയായി

കാത്തിരിപ്പിനൊടുവില്‍ നടന്ന പൂരം വെടിക്കെട്ടോടെ തൃശൂര്‍ പൂരത്തിന് ഔദ്യോഗികമായി സമാപനം. കനത്ത മഴയെ തുടര്‍ന്ന് ഒമ്പത് ദിവസത്തിനു ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തേക്കിന്‍കാട് മൈതാനത്ത് പൂരം വെടിക്കെട്ട് നടന്നത്. മഴ...

ഐപിഎൽ: ആദ്യ രണ്ട് സ്ഥാനങ്ങൾ ലക്ഷ്യമിട്ട് രാജസ്ഥാൻ; ജയത്തോടെ സീസൺ അവസാനിപ്പിക്കാൻ ചെന്നൈ

ഐപിഎലിൽ ഇന്ന് സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യത ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞെങ്കിലും ഇന്ന് ചെന്നൈയെ കീഴടക്കാനായാൽ രാജസ്ഥാൻ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിൽ എത്തും....

ഖത്തർ ലോകകപ്പിൽ കളി നിയന്ത്രിക്കാൻ വനിതകളും; ചരിത്ര൦ സൃഷ്ടിക്കാനൊരുങ്ങി ഫിഫ

പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വനിതകൾ റഫറിമാരായി എത്തുന്നു. ഖത്തർ ലോകകപ്പിൽ ആറ് വനിതാ റഫറിമാരാണ് കളി നിയന്ത്രിക്കുന്നത്. ഇതിൽ മൂന്ന് പേർ പ്രധാന റഫറിമാരും മൂന്ന് പേർ അസിസ്റ്റൻ്റ് റഫറിമാരുമാണ്....