താണ്ഡവ് വെബ് സിരീസിലൂടെ ഹൈന്ദവ സമൂഹത്തെ വേദനിപ്പിച്ചതിന് വലിയ വില നല്‍കേണ്ടി വരുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംഭവത്തിൽ പ്രതിഷേധിച്ച് യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് ശലഭ് മണി ത്രിപാഠി ട്വീറ്റ് ചെയ്തു.
‘മതവികാരം വ്രണപ്പെടുത്തിയതിനുള്ള വില നിങ്ങള്‍ നല്‍കേണ്ടി വരും. അറസ്റ്റിനു തയ്യാറായി ഇരിക്കൂ, യുപി പോലീസ് ഒരു വാഹനത്തില്‍ മുംബൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്’ സംവിധായകന് അലി അബ്ബാസ് സഫര്‍, നിര്‍മ്മാതാവ് ഹിമാന്‍ഷു മെഹ്റ, എഴുത്തുകാരന് ഗൗരവ് സോളങ്കി, നടന്മാരായ സെയ്ഫ് അലി ഖാന്, സീഷന്‍ അയ്യൂബ് എന്നിവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.
‘താണ്ഡവ്’ വെബ് സീരിസുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ബിജെപി. ചിത്രം ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഉള്‍പ്പെടെ ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഈ ഖേദപ്രകടനം കൊണ്ടു മാത്രം കാര്യമില്ല എന്നാണ് ബിജെപി നിലപാട്. അണിയറപ്രവർത്തകർ ഉൾപ്പടെ എല്ലാവരെയും ജയിലില്‍ അടയ്ക്കണമെന്നും അതുവരെ പ്രതിഷേധം ശക്തമാക്കുമെന്നുമാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.