മൂവി പ്രീമിയർ ലീഗ് എന്ന പേരിൽ നാല് യുവ സംരംഭകർ ചേർന്ന് വികസിപ്പിച്ചെടുത്ത ‘സൂപ്പി’യെന്ന ഗെയിമിംഗ് ആപ്പിലേക്ക് പത്ത് കോടിയിലേറെ നിക്ഷേപം എത്തിയതോടെ സൂപ്പി സൂപ്പർഹിറ്റ്. യുവ എൻജിനീയർമാരായ അതുൽ, ദീപക്, രഞ്ജിത് എന്നിവർ വികസിപ്പിച്ചെടുത്ത സ്വപ്ന പദ്ധതിയിലേക്ക് നിക്ഷേപവുമായി എത്തിയത് യുവ നടനും ബിസിനസുകാരനായ യുവ പുഷ്പാകറും ബിസിനസ് പങ്കാളിയായ ജോസ് തോമസുമാണ്.
സൂപ്പിയുടെ വികസനം…..
ഇന്ത്യയിലെ തന്നെ ആദ്യത്തെ മൂവി ഫാന്റസി ഗെയിമിംഗ് ആപ്പായ സൂപ്പി ഡിസംബർ മൂന്നിനാണ് റിലീസ് ചെയ്തത്. സൂപ്പിയുടെ ആപ് സ്റ്റോറുകളിൽനിന്നു ഡൗൺ ലോഡ് ചെയ്യാം (zooppy.live). തൃശൂർ എഞ്ചിനിയറിങ് കോളേജിലെ ഇൻകുബേറ്ററിലാണ് ആപ്പ് വികസിപ്പിച്ചത്. ക്വാറോസ് ടെക്നോളജി 2019 ൽ വികസിപ്പിച്ചതാണ് ഈ ഗെയിമിംഗ് ആപ്പ്. മൂവി പ്രീമിയർ ലീഗ് എന്നായിരുന്നു ആദ്യം ആപ്പിന് നൽകിയിരുന്ന പേര്. മെഫിൻ ഡേവിസ്, മേൽജോ ജോൺസൺ എന്നിവരും ആപ്പിന്റെ വികസനത്തിനായി പണം നൽകി. ഏകദേശം പതിനാറായിരം യൂസേഴ്സ് ആണ് സൂപ്പിക്കുള്ളത്.
കോവിഡ് പ്രതിസന്ധിയിൽ പത്ത് മാസം ശമ്പളമില്ലാതെ ജോലി……
രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായപ്പോൾ മറ്റെല്ലാ മേഖലകളിലെയും പോലെ ഈ യുവ സംരംഭകരും അത് നേരിടേണ്ടി വന്നു. ശമ്പളവും ലാഭവുമില്ലാതെ പത്ത് മാസമാണ് സംരംഭകരും നിക്ഷേപകരും ജോലിക്കാരും ആപ്പിനായി പ്രവർത്തിച്ചത്. ഒടുവിൽ പത്ത് കോടിയിലേറെ നിക്ഷേപവുമായി യുവ പുഷ്കർ എത്തുകയായിരുന്നു.
കളിയിലെ തന്ത്രം…..
പണം വെച്ച് മാത്രമുള്ള കളിയല്ല സൂപ്പിയിലുള്ളത്. സിനിമയെ സംബന്ധിച്ചുള്ള ക്വിസ്സാണ് പ്രധാന ഗെയിം. അത് കൊണ്ടുതന്നെ ഗാംബ്ളിങ് എന്ന വിഭാഗത്തിൽ ഇത് വരില്ല. രാജ്യത്തെ ഒട്ടുമിക്ക ഭാഷകളിലെയും സിനിമകളെ പറ്റിയുള്ള ചോദ്യങ്ങൾ ആപ്പിലുണ്ട്. തങ്ങൾക്ക് ഇഷ്ടമുള്ള ഭാഷ യുസേഴ്സിന് തിരഞ്ഞെടുക്കാം. പത്ത് രൂപ കൊടുത്താലാണ് കളി തുടങ്ങുക. സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുള്ള ശരിയുത്തരം 15 സെക്കന്റിനുള്ളിൽ നൽകിയാൽ യൂസേഴ്സിന്റെ അക്കൗണ്ടിലേക്കു പണം തിരിച്ചു കിട്ടിക്കൊണ്ടിരിക്കും. സൂപ്പയിലെ മറ്റൊരു പ്രധാന ഗെയിം ലേലമാണ്. ഓരോ ദിവസവും ഓരോ വസ്തുക്കൾ ലേലത്തിന് വെയ്ക്കും. ഈ വസ്തുക്കൾക്ക് യൂസർമാർക്ക് വില പറയാം. ഒരാൾ മാത്രമായി ഒരു തുക പറഞ്ഞാൽ അയാൾക്ക് ആ വസ്തു സ്വന്തമാക്കാം. ഐ ഫോൺ 12 പ്രോ മാക്സ് 1270 രൂപയ്ക്കാണു ആദ്യ കളിയിൽ വിറ്റുപോയത്.